
ഇന്ത്യയിൽ നാല് നിറത്തിലുള്ള പാസ്പോർട്ട്!!! നിങ്ങളുടെ പാസ്പോർട്ട് ഏത് നിറം
ഒരു വ്യക്തിക്ക് അന്യരാജ്യത്തേക്ക് യാത്ര പോകാൻ ഉപയോഗിക്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്. ഇതിൽ യാത്ര ചെയ്യുന്ന വ്യക്തിയുടെ പൗരത്വം, പേര്, ജനനതീയ്യതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒരു വ്യക്തി വിദേശത്തായിരിക്കുമ്പോൾ കോൺസുലാർ സംരക്ഷണത്തിനുള്ള അവകാശവും അയാൾക്ക് പാസ്പോർട്ട് നൽകിയ രാജ്യത്തേയ്ക്ക് തിരിച്ചു വരാനുള്ള അവകാശവും പാസ്പോർട്ട് പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യയിൽ നാല് നിറത്തിലുള്ള പാസ്പോർട്ട് ഉണ്ടെന്ന് എത്ര പേർക്ക് അറിയാം. അതേ ഇന്ത്യയിൽ നാല് നിറത്തിലുള്ള പാസ്പോർട്ട് ഉണ്ട്. സാധാരണ യാത്രക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, അടിയന്തര യാത്രികർ എന്നിങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കും.
നീല നിറത്തിലുള്ള പാസ്പോർട്ട്
സാധാരണ ഭൂരിഭാഗം പേർക്കും നീല നിറത്തിലുള്ള പാസ്‌പോർട്ടുകളാണ് ഉള്ളത്. ബിസിനസ്, വിനോദം, വിദ്യാഭ്യാസം, ജോലി എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്ക് വേണ്ടി വിദേശത്തേക്ക് പോവാൻ സാധാരണ പൗരന്മാർക്ക് നീല പാസ്‌പോർട്ടാണ് നൽകുന്നത്. പത്ത് വർഷത്തേക്കാണ് ഈ പാസ്‌പോർട്ടിൻ്റെ കാലാവധി. അഞ്ചു വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് മുതൽ നീല പാസ്‌പോർട്ട് ആണ് ലഭിക്കുക.
വെള്ള നിറത്തിലുള്ള പാസ്പോർട്ട്
നയതന്ത്രപരമായ ജോലികൾക്ക് വേണ്ടി നിയോഗിക്കപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്നത് വെള്ള നിറത്തിലുള്ള പാസ്‌പോർട്ടാണ്. ഔദ്യോഗിക ചുമതലയുടെ കാലാവധി അവസാനിക്കുന്നത് വരെ മാത്രമേ ഇത്തരം പാസ്‌പോർട്ടുകൾക്ക് നിയമ സാധുതയുള്ളൂ.
മെറൂൺ നിറത്തിലുള്ള പാസ്പോർട്ട്
രാജ്യത്തിന്റെ പ്രതിനിധികളായി മര്റൊരു സ്ഥലത്തേക്ക് അയക്കുന്ന വ്യക്തികൾക്കും ഉയർന്ന പദവിയിലുള്ള സർക്കാർ ഉദ്യോഗസ്ഥരായ നയതന്ത്രജ്ഞർക്കും ഐഎഫ്എസ് അംഗങ്ങൾക്കുമാണ് മെറൂൺ പാസ്‌പോർട്ട് അനുവദിക്കുന്നത്. ഈ പാസ്‌പോർട്ട് ഉപയോഗിക്കുന്നവർക്ക് വിമാനത്താവളങ്ങളിലും വിമാനങ്ങളിലും അധികാരങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. ഇത്തരം ഡിപ്ലോമാറ്റിക് പാസ്‌പോർട്ടുകൾ ലഭിക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് ആവശ്യമുണ്ട്. നയതന്ത്ര ചുമതലയുടെ കാലാവധിയാണ് ഇത്തരം പാസ്‌പോർട്ടുകളുടേയും കാലാവധി.
ചാരം നിറത്തിലുള്ള പാസ്പോർട്ട്
പാസ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് രാജ്യത്തേക്ക് മടങ്ങിവരാനുള്ള താത്കാലിക പാസ്പോർട്ടാണ് ചാര നിറത്തിലുള്ള എമർജൻസി സർട്ടിഫിക്കറ്റ്. ഇന്ത്യയിലേക്ക് അടിയന്തര സാഹചര്യത്തിൽ തിരിച്ചുവരാൻ മാത്രമാണ് ഈ രേഖ ഉപയോഗിക്കാനാവുക.
Comments (0)